പാലാ: സാമൂഹികപ്രതിബദ്ധതയും രാഷ്ട്രനിർമ്മിതിയിലെ പങ്കാളിത്തവും ഉറപ്പാക്കിയും സമുദായമുന്നേറ്റത്തിന് ഉറച്ചവഴികൾ നിശ്ചയിച്ചും സീറോമലബാർസഭയുടെ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ മൂന്നാംദിനം പിന്നിട്ടു. അസംബ്ലിയിലുയർന്ന ചിന്തകളും പഠനങ്ങളും ക്രോഡീകരിച്ച് സിനഡിന് സമർപ്പിച്ചാണ് അസംബ്ലി ആഗസ്റ്റ് 25 ഞായറാഴ്ച സമാപനത്തിലേക്ക് പ്രവേശിക്കുന്നത്.
ഉജ്ജെയ്ൻ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, ബിജ്‌നോർ രൂപതാധ്യക്ഷൻ മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ, ഫാ. പോളി പയ്യപ്പള്ളി, ഫാ. തോമസ് വടക്കുംകര സിഎംഐ, ഫാ. സെബാസ്റ്റ്യൻ പന്തല്ലൂപറമ്പിൽ എന്നിവരുടെ കാർമികത്വത്തിൽ ഹിന്ദിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാണ് അസംബ്ലിയുടെ മൂന്നാംദിനത്തിന് തുടക്കമിട്ടത്.
സമുദായ സമുദ്ധാരണ കർമ്മപദ്ധതികൾ അനിവാര്യമാണെന്ന് പ്രഭാഷണം നടത്തിയ സിബിസിഐ പ്രസിഡന്റ് ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. രണ്ടായിരം വർഷത്തെ ചരിത്രത്തിന്റെ കരുത്തിൽ സഭ കൂടുതൽ ശക്തീകരിക്കപ്പെടണമെന്നും മാർ ആൻഡ്രൂസ് താഴത്ത് കൂട്ടിച്ചേർത്തു.
വാക്കുകളും ചിന്തകളും തിരുശേഷിപ്പുകളാക്കി മാറ്റാൻ സീറോമലബാർ സഭാംഗങ്ങൾക്ക് കഴിയണമെന്ന് കെആർഎൽസിബിസി പ്രസിഡന്റും കോഴിക്കോട് രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. കുടുംബബന്ധങ്ങളുടേയും വിശ്വാസത്തിന്റേയും കരുത്ത് ലോകത്തിന് സമ്മാനിയ്ക്കാൻ സീറോമലബാർസഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ബിഷപ് ഡോ. ചക്കാലയ്ക്കൽ വിലയിരുത്തി. തലശ്ശേരി അതിരൂപത മുൻ അധ്യക്ഷൻ ആർച്ചുബിഷപ് മാർ ജോർജ് ഞരളക്കാട്ട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
സീറോമലബാർ സമുദായ ശാക്തീകരണം എന്ന
വിഷയത്തിൽ അഡ്വ. സിസ്റ്റർ ജോസിയ എസ്.ഡി, റവ.ഡോ. ടോം ഓലിക്കരോട്ട്, ഡോ. എഫ്. മേരി റെജീന , ഡോ. ചാക്കോ കാളാംപറമ്പിൽ എന്നിവർ പ്രബന്ധാവതരണം നടത്തി.
വിവിധ ചർച്ചകളിൽ കോട്ടയം അതിരൂപത ആർച്ചുബിഷപ് മാർ മാത്യു മൂലക്കാട്ട്, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പ്രഫ. രേഖ മാത്യു, എകെസിസി ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ എന്നിവർ മേഡറേറ്റർമാരായി.
താമരശ്ശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, എറണാകുളം-അങ്കമാലി അതിരൂപത മുഖ്യവികാരി ജനറാൾ റവ.ഡോ. വർഗീസ് പൊട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
അസംബ്ലിയുടെ അന്തിമപ്രസ്താവന ഡ്രാഫ്റ്റിംഗ് കമ്മിറ്റി കൺവീനർ റവ.ഡോ. ഫ്രാൻസിസ് ഇലുവത്തിങ്കലിന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച് അവതരിപ്പിച്ചു. നസ്രാണി പാരമ്പര്യം വിളിച്ചോതിയ കലാരൂപങ്ങളോടെയാണ് മൂന്നാംദിനത്തിന് സമാപനമായത്. തീക്കോയി, വാരിയാനിക്കാട് ഇടവകകളിലെ വിശ്വാസപരീശീലനകേന്ദ്രങ്ങളുടേയും തീക്കോയി ഹയർസെക്കന്ററി സ്‌കൂളിന്റേയും നേതൃത്വത്തിലായിരുന്നു കലാവിരുന്ന്.
ആഗസ്റ്റ് 25 ഞായറാഴ്ച രാവിലെ ഒൻപതിന് അസംബ്ലിയുടെ സമാപന സമ്മേളനം നടക്കും. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ
സീറോമലങ്കരസഭ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് അനുഗ്രഹപ്രഭാഷണം നടത്തും. കേരളാ സംസ്ഥാന മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ആശംസകളർപ്പിച്ചു സംസാരിക്കും. സീറോമലബാർസഭാഅംഗങ്ങളായ എംപിമാർ, എംഎൽഎമാർ എന്നിവരും സമാപനസമ്മേളനത്തിൽ പങ്കെടുക്കും.
10.50ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ, സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ചുബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്, സിനഡ് സെക്രട്ടറിയും തലശ്ശേരി ആർച്ചുബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി, വിൻസെൻഷ്യൻ സമർപ്പിതസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. ജോൺ കണ്ടത്തിങ്കര വി.സി, ചിക്കാഗോ രൂപത വികാരി ജനറാൾ ഫാ. ജോൺ മേലേപ്പുറം എന്നിവരുടെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് അസംബ്ലി സമാപിക്കുന്നത്.
The Syro-Malabar Sabha Assembly gave a call for community advancement. Will end tomorrow